Listen

Description

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നിലപാടില്‍ ഉറച്ചുനിന്ന, ഏറ്റവും ശക്തമായ മാസ് ബേസുള്ള സംഘടനയാണ് കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്​). ശബരിമല വിഷയത്തില്‍ കേരളീയ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച, നവോത്ഥാനത്തുടര്‍ച്ച എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രചാരണങ്ങളുടെ മുന്‍നിരയില്‍ കെ.പി.എം.എസും ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും ഉണ്ടായിരുന്നു. എന്നാല്‍, ശബരിമല വിഷയത്തിലടക്കം പിന്നീട് കെ.പി.എം.എസിന് എല്‍.ഡി.എഫുമായി അകലേണ്ടിവന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അകല്‍ച്ച പൂര്‍ണമായി. ശബരിമല മുതല്‍ തെരഞ്ഞെടുപ്പുവരെയുള്ള സാഹചര്യങ്ങളെക്കുറിച്ചും കേരളത്തിലെ മുന്നണികളോടുള്ള നിലപാടുകളെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷനുമായുള്ള അഭിമുഖത്തില്‍ പുന്നല ശ്രീകുമാര്‍.

ശബരിമല വിഷയത്തില്‍, യു.ഡി.എഫ് അജണ്ടയില്‍ എല്‍.ഡി.എഫ് വീണുപോയി എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വെല്‍ഫെയര്‍ പൊളിറ്റിക്‌സ്, മുന്നാക്ക സംവരണം, തെരഞ്ഞെടുപ്പിലെ ദളിത് പ്രാതിനിധ്യം എന്നീ വിഷയങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്നു. ലൈഫ് മിഷന്‍ പദ്ധതി, അടിസ്ഥാനവര്‍ഗത്തിന്റെ ഭൂമി പ്രശ്‌നത്തെ പാര്‍പ്പിട പ്രശ്‌നമാക്കി ചുരുക്കുകയാണ് ചെയ്യുന്നത്. ദളിത് ബുദ്ധിജീവികളുടെ വിമര്‍ശനത്തോടുള്ള നിലപാട് വ്യക്തമാക്കുന്ന പുന്നല, കേരളത്തിലെ ദളിത് സംഘാടനത്തിന്റെ പ്രശ്‌നങ്ങളും രാഷ്ട്രീയ വിലപേശല്‍ശേഷിയുള്ള വിഭാഗമായി ദളിത് സമൂഹത്തിന് മാറാനാകാത്തതിന്റെ കാരണങ്ങളും വിശകലനം ചെയ്യുന്നു. അടിസ്ഥാന വര്‍ഗങ്ങളുടെ പ്രശ്‌നങ്ങളിലൂന്നിയുള്ള സമരത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.