ആധുനികശാസ്ത്രത്തിന്റെ വിമർശം ഹുസേലിൽ ഭൗതികശാസ്ത്രത്തിന്റേയും
ഗലീലിയോയുടേയും വിമർശമായി തീരുന്നു. ആധുനികശാസ്ത്രത്തിന്റെ ലോകവീക്ഷണം
അതിന്റെ ശക്തമായ രൂപത്തിൽ ഉരുവം കൊള്ളുന്നത് ഗലീലിയോയിലാണല്ലോ? അദ്ദേഹം
ആധുനികശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ,
ഗലീലിയോ വിമർശിക്കപ്പെട്ടതു പോലെ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു
ശാസ്ത്രജ്ഞനും വിമർശിക്കപ്പെട്ടിട്ടില്ല. മതദ്രോഹവിചാരകന്മാരുടെ
വിചാരണകൾക്കും തടങ്കലിനും വിധേയമായ അദ്ദേഹം പിൽക്കാലത്തെ
തത്ത്വചിന്തകന്മാരുടേയും നിശിതമായ വിമർശത്തിനു വിധേയനായി. ആ വിമർശനം
ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.