വ്യാസമഹാഭാരതം വായിച്ചാൽ നമുക്ക് കാണാൻ കഴിയുക അർജ്ജുനന് എപ്പോഴും തുല്യനായ എതിരാളിയായി കർണ്ണനും ഉണ്ടായിരുന്നു എന്നാണ് . ആയുധാഭ്യാസം പ്രദർശന വേളയിൽ അർജ്ജുനന് സാധിച്ചതെല്ലാം കർണ്ണനും സാധിച്ചു . പാഞ്ചാലീ സ്വയംവരത്തിൽ കർണ്ണനും അർജ്ജുനനെപ്പോലെ ലക്ഷ്യം ഭേദിക്കുമായിരുന്നു. താൽക്കാലികമായുണ്ടായ ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടുണ്ട് . ദേവന്മാരെല്ലാം അർജ്ജുനന് അതിശക്തമായ ദിവ്യാസ്ത്രങ്ങൾ നല്കിയിട്ടുണ്ടായിരുന്നു . ശിവന്റെ 'പാശുപതാസ്ത്രം' പോലും അർജ്ജുനനുണ്ടായിരുന്നു . എല്ലാത്തിനുമുപരിയായി ലോകനാഥനായ ഭഗവാൻ ശ്രീകൃഷ്ണന്റെ സഹായവും അർജ്ജുനനുണ്ടായിരുന്നു . ഇത്രയൊക്കെയുണ്ടായിട്ടും ദേവന്മാർ കർണ്ണനെ ഭയന്നിരുന്നു . സ്വപുത്രനായ അർജുനന്റെ ജീവരക്ഷയെ കരുതി ഇന്ദ്രദേവൻ കർണ്ണനെ ചതിക്കുന്നതും അദ്ദേഹത്തിൻറെ കുണ്ഡലങ്ങൾ നേടിയെടുക്കുന്നതും ഇതിനു തെളിവാണ് .ഭഗവാൻ ശ്രീകൃഷ്ണന് പോലും കർണ്ണൻ അർജ്ജുനനെക്കാൾ ശക്തനാണ് എന്ന അഭിപ്രായമാണുണ്ടായിരുന്നത്. നാലുസന്ദർഭങ്ങളിൽ അത് അദ്ദേഹം അർജ്ജുനനോട് പറയുന്നുമുണ്ട് . മുൻപ് നടന്നിട്ടുള്ള ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടും എന്തുകൊണ്ടായിരിക്കും കർണ്ണനെ ഇത്തരത്തിൽ ദേവന്മാർ ഭയന്നിരുന്നത് ? ഭഗവാൻ ശ്രീകൃഷ്ണൻ പോലും ഇത്തരത്തിൽ പറഞ്ഞുകൊണ്ടിരുന്നത് ? യുദ്ധത്തിന്റെ പതിനേഴാം ദിവസം കര്ണ്ണന് ശല്യര്‍ സജ്ജമാക്കിയ തേരില്‍ കയറി. തലേ രാത്രിയില്‍ കണ്ട ദുസ്വപ്നങ്ങള്‍ ഒരു നിമിഷം മനസ്സില്‍ മിന്നി മാഞ്ഞു. എല്ലാം അടുത്തു വന്നിരിയ്ക്കുന്നു. വിധിയെ തടുക്കാനാര്‍ക്കുമാവില്ല. അര്‍ജ്ജുനാസ്ത്രത്തെ തടുക്കുവാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ആകെ അവശേഷിച്ചിരുന്ന നാഗാസ്ത്രം അഭിമന്ത്രിക്കുമ്പോള്‍ മറവിയില്‍ നിന്ന് മന്ത്രം ചികഞ്ഞെടുക്കാന്‍ കര്ണ്ണന് ഏറെ പണിപ്പെട്ടു. നാഗാസ്ത്രം പാര്‍ത്ഥനു നേരെ വരുന്നത് കൃഷ്ണന് കണ്ടു. തന്ത്രജ്ഞനായ ആ തേരാളി രഥചക്രം രണ്ടടി ഭൂമിയിലേയ്ക്ക് താഴ്ത്തി. അര്‍ജ്ജുനന്റെ കിരീടത്തെ മുറിച്ചു കൊണ്ടു അസ്ത്രം കടന്നു പോയി. ഇതിനിടയില്‍ കര്‍ണ്ണന്റെ രഥ ചക്രം ഭൂമിയില്‍ താണു. രഥചക്രം ഉയര്‍ത്താനുള്ള ശ്രമത്തില്‍ തേരില്‍ നിന്നിറങ്ങിയ കര്ണ്ണന് ആകെ പതറി, നീതിയ്ക്ക് വേണ്ടി കേണ കര്ണ്ണന് മുന്പില് കൃഷ്ണന് അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത അനീതികള്‍ ഒന്നൊന്നായി നിരത്തി. മറുപടിയില്ലാതെ തൊഴു കയ്യുയര്‍ത്തിയ ആ യോദ്ധാവിന് നേരെ അര്‍ജ്ജുന ശരം പാഞ്ഞു. കര്ണ്ണന് മരിച്ചു. ആ സൂര്യ തേജസ്സ് മന്ദമായി ഭൂമിയില്‍ നിന്നുയര്‍ന്ന് ആകാശത്ത് വിലയം പ്രാപിച്ചു. സൂര്യ രശ്മികള്‍ ശീതികരങ്ങളായി. ആര്‍ക്കും സഹിയ്ക്കാന്‍ കഴിഞ്ഞില്ല ആ യുഗ പ്രഭാവന്റെ അന്ത്യം.