അധികാരത്തിന്റെ മറുപേരാണ് നിതീഷ് കുമാര്‍. ഇന്ത്യയില്‍ ഇതുപോലെ അധികാര രാഷ്ട്രീയത്തിനൊപ്പം മാത്രം ഇരിപ്പിടം കിട്ടിയ മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ല. അധികാരത്തില്‍ നിന്ന് അധികാരത്തിലേക്കുള്ള യാത്രയില്‍ യുപിയില്‍ ജാട്ട് രാഷ്ട്രീയം പയറ്റിയ അന്തരിച്ച അജിത് സിങ്ങിന് പോലും നിതീഷിന്റെ അത്ര മികച്ച ടൈമിങ് ഉണ്ടായില്ല സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ ജനതാദളിലൂടെ തുടങ്ങിയ പഴയ ജെ.പിയുടേയും വി.പി സിങ്ങിന്റെയും ശിഷ്യനായ നിതീഷ് കുമാര്‍ രാഷ്ട്രീയവഴിയില്‍ ആകെ കൈവിട്ടത് ആദര്‍ശം മാത്രമാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ല എന്നാണ് പറയാറ്. നിതീഷിന്റെ കാര്യത്തില്‍ രാഷ്ട്രീയത്തില്‍ ശത്രുക്കളേ ഇല്ല. എല്ലാവരും മിത്രങ്ങള്‍. ഇന്നലെ ബിജെപിയോടൊപ്പമാണെങ്കില്‍ നാളെ ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം. ഇന്നലെ മോദിയ്ക്കൊപ്പം വേദി പങ്കിടുന്ന നിതീഷ് നാളെ സോണിയക്കൊപ്പം വേദി പങ്കിടും. 2020 ല്‍ ചിരാഗ് പാസ്വാനെ വച്ച് നിതീഷിനെ ക്ഷീണിപ്പിച്ച ബിജെപി നിതീഷിന് ശേഷമുള്ള എതിരാളികളില്ലാത്ത ബിഹാര്‍ രാഷ്ട്രീയത്തിന്റെ പണിപ്പുരയിലായിരുന്നു. തോല്‍വി ഭീഷണി ഉയര്‍ന്നപ്പോള്‍ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് പഴയ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറായിരുന്ന നിതീഷ് സോഷ്യല്‍ എന്‍ജിനീയറിങ് പയറ്റിയത്. മഹാരാഷ്ട്രയില്‍ ഉദ്ധവിനേയും ശിവസേനയേയും ബിജെപി തകര്‍ത്തെറിഞ്ഞത് കണ്ടതോടെ അടുത്തത് ജെഡിയുവാണെന്ന് നിതീഷ് ഉറപ്പിച്ചു. ഏകനാഥ് ഷിന്‍ഡേയെ പോലെ ഒരാളെ ജെഡിയുവിനുള്ളില്‍ ബിജെപി അന്വേഷണം തുടങ്ങും മുന്നെ നിതീഷ് സഖ്യം പൊളിച്ച് വീണ്ടും മഹാസഖ്യമുണ്ടാക്കി. മഹാരാഷ്ട്ര കിട്ടിയപ്പോള്‍ ബിഹാര്‍ പോയി. അടുത്ത കളിക്ക് ബിജെപി ഒരുങ്ങുമ്പോള്‍ നിതീഷ് പഴയ സുഹൃത്ത് ലാലുവിന്റെ മകനൊപ്പം ജനതാദള്‍ രാഷ്ട്രീയത്തിലേക്കുള്ള മടക്കയാത്രയിലാണോ. കെ.എ ജോണിയും മനു കുര്യനും ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: ്പ്രണവ് പി.എസ് | Bihar Political Crisis