അശ്വത്ഥാമാവ് വെറും ഒരു ആനയെന്ന് ശിവശങ്കര്‍. എച്ച്.ആര്‍.ഡി.എസില്‍ ജോലിക്ക് കയറിയ സ്വപ്ന അതോടെ ഇടവേളയ്ക്ക് ശേഷം മൗനം ഭഞ്ജിച്ചു. വിഷയംകിട്ടാന്‍ കാത്തിരുന്ന പ്രതിപക്ഷം തൃക്കാക്കര കടന്ന ആത്മവിശ്വാസത്തില്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങി. പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഇ.പിയുടെ വാക്കുകള്‍ സെല്‍ഫ് ഗോളായി. കറുപ്പിനോടും കലിപ്പായി. പോലീസ് കറുപ്പ് തേടി അലഞ്ഞു. ഒടുവില്‍ വിലക്കില്ലാത്ത കാര്യം മൂന്നാം നാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ സരിത്തിനെ പിടികൂടാന്‍ കാട്ടിയ വെപ്രാളവും ഷാജിന്റെ രംഗപ്രവേശവും രാഷ്ട്രീയനാടകങ്ങള്‍ക്ക് പുതിയ മാനംനല്‍കി. ഷാജുമായുള്ള ബന്ധത്തില്‍ വിജിലന്‍സ് മേധാവി തെറിച്ചു. ഷാജ് ദൂതനോ ബിജെപിയുടെ ആയുധമോ എന്ന ആരോപണം എയറിലുണ്ട്. നളിനി നെറ്റോ വരെയുള്ളവരുടെ പേര് പരാമര്‍ശിച്ചിട്ടും ജലീല്‍ മാത്രമാണ് ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇറങ്ങിയത്. സാധ്യത തേടി പി.സി ജോര്‍ജും കളത്തിലിറങ്ങി. സ്വപ്ന പറയുന്നതില്‍ കഴമ്പുണ്ടോ. മാറ്റിമാറ്റി പറഞ്ഞയാള്‍ക്ക് വിശ്വാസ്യതയുണ്ടോ. കൈയില്‍ നിന്ന് കാശുമുടക്കി വിമാനത്തില്‍ പ്രതിഷേധിക്കാന്‍ പോയി സസ്പെന്‍ഷനിലായപ്പോഴാണ് കളി ഓവറായ കാര്യം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലായത്. വിമാനത്തിലേക്ക് പ്രതിഷേധമെത്തിയതോടെ സിപിഎം രോഷം അണപൊട്ടി. തെരുവുയുദ്ധവും പാര്‍ട്ടി ഓഫീസ് ആക്രമണവും അരങ്ങേറി. കൈകാര്യം ചെയ്ത് വിഷയം വഷളാക്കിയതാണോ സിപിഎമ്മിന് പറ്റിയ വീഴ്ച. അതോ സ്വപ്നയുടെ വാക്ക് കേട്ട് സമരത്തിനിറങ്ങിയ പ്രതിപക്ഷത്തിനോ ജാള്യത. അവതരണം മനു കുര്യന്‍, കെ.എ ജോണി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്