മാനമൊന്ന് കറുത്താല്‍, മഴക്കാറൊന്ന് വട്ടമിട്ടാല്‍ ഇന്ന് നെഞ്ചുപിടയ്ക്കും മലയാളിയുടെ. മലയോരത്താണ് താമസമെങ്കില്‍ പ്രാണനും നെഞ്ചോടു ചേര്‍ത്ത് രക്ഷപ്പെടാനുള്ള വ്യഗ്രതയിലാവും നമ്മള്‍. മഴ ഇപ്പോൾ കവികള്‍ വാഴ്ത്തുന്ന കാല്‍പനിക സൗന്ദര്യമല്ല. മരണമാണ്. തീരാദുരിതമാണ്. ഉറക്കമില്ലാ രാവുകളാണ് ഓരോ മഴക്കാലവും നമുക്കിന്ന് സമ്മാനിക്കുന്നത്. വേനല്‍മഴ ഇപ്പോഴേ നാശം വിതച്ചുതുടങ്ങി. കാലവർഷം കൊമ്പുകുലുക്കി എത്തിക്കഴിഞ്ഞു. എന്താവും ഈ കാറും കോളും ഇക്കുറി മലയാളത്തിന്റെ മലനാടിനായി കരുതിവച്ചത്? വേദന തിന്ന കഴിഞ്ഞകാല ദുരന്തങ്ങളില്‍ നിന്ന് എന്തു പാഠമാണ് നമ്മള്‍ പഠിച്ചത്. മുറ തെറ്റാതെ നടക്കുന്ന ദിനാചരണങ്ങൾക്കും പ്രകടനങ്ങൾക്കുമിടയിൽ ആശങ്കയോടെ ഒരു അന്വേഷണം. ഉരുൾ പൊട്ടി തീരുമോ കേരളം...പുത്തുമലയിലെയും പെട്ടിമുടിയിലെയും കവളപ്പാറയിലെയും ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ടുപങ്കെടുത്തവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത്: അല്‍ഫോന്‍സ പി ജോര്‍ജ്. അവതരണം: ഭാഗ്യശ്രീ. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്