Listen

Description

മനുഷ്യജീവിതം ഒരു മഹത്തായ ബാദ്ധ്യതയാണ്. ആ ബാദ്ധ്യതയെ നിറവേറ്റുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കണം. അവരവരുടെ ബുദ്ധിക്കും, പ്രാപ്തിക്കും, അദ്ധ്വാനത്തിനും അനുസരിച്ചുള്ള ഫലം, യാതൊരു തടസ്സവും കൂടാതെ ആര്‍ക്കും അനുഭവിക്കുവാന്‍ സാധിക്കണം. അതിനെ കുറക്കുവാനൊ, ഇല്ലാതാക്കുവാനൊ, മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനൊ, നശിപ്പിക്കുവാനൊ ഉള്ള ആചാരസമ്പ്രദായങ്ങളൊ, നിബന്ധനകളൊ, മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാകകൊണ്ട് അവയെ തീരെ അകറ്റണം. എന്നാല്‍ മാത്രമെ ലോകത്തില്‍ സൗഖ്യവും, സ്വാതന്ത്ര്യവും, സമാധാനവും, പൂര്‍ണ്ണമായി ഉണ്ടാകുവാന്‍ തരമുള്ളു എന്ന നയത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ മറ്റെല്ലാ വിഷയങ്ങളേയും പരിശോധിക്കുന്നതാകുന്നു. 1923 മാര്‍ച്ച് 18ലെ ഒന്നാം ലക്കത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച മുഖപ്രസംഗം